ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫെഡറൽ ലിബറലുകൾ ജനപിന്തുണയിൽ മുന്നേറ്റം തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി തങ്ങളുടെ ലീഡ് മുഖ്യഎതിരാളികളായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ ഒമ്പത് പോയിൻ്റായി ഉയർത്തിയതായി നാനോസ് റിസർച്ചിൻ്റെ പുതിയ സർവേ പറയുന്നു.
ലിബറൽ പാർട്ടി 46% വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുമ്പോൾ പിയേർ പൊളിയേവ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ 37 ശതമാനമാണ്. ജഗ്മീത് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ ഒമ്പത് ശതമാനമായി തുടരുന്നതായും സർവേ പറയുന്നു. തൊട്ടുപിന്നാലെ ബ്ലോക് കെബക്കോയിസ് (ആറ് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (രണ്ട് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെ പിന്തുണ ലഭിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

പ്രാദേശിക പിന്തുണയിലും ലിബറൽ പാർട്ടി മുന്നേറുന്നതായി സർവേ കണ്ടെത്തി. പ്രേയീസ് ഒഴികെയുള്ള എല്ലാ മേഖലകളിലും ലിബറലുകൾ ലീഡ് ചെയ്യുന്നത് തുടരുന്നതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറഞ്ഞു. ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒൻ്റാരിയോയിൽ ലിബറലുകൾ അവരുടെ ലീഡ് ഒരു ശതമാനം പോയിൻ്റ് വർധിപ്പിച്ച് 51 ശതമാനമാക്കി ഉയർത്തി. കൺസർവേറ്റീവ് പാർട്ടിക്കുള്ള പിന്തുണ ഒരു പോയിൻ്റ് കുറഞ്ഞ് 37 ശതമാനമായി. കെബെക്കിലും ലിബറൽ പാർട്ടിയുടെ മുന്നേറ്റമാണ് കാണുന്നതെന്ന് സർവേ റിപ്പോർട്ട് ചെയ്തു. കെബെക്കിൽ ലിബറൽ പാർട്ടിക്കുള്ള പിന്തുണ ഒരു ശതമാനം പോയിൻ്റ് ഉയർന്ന് 51 ശതമാനമായപ്പോൾ കൺസർവേറ്റീവുകൾ മൂന്ന് പോയിൻ്റ് താഴ്ന്ന് 18 ശതമാനത്തിലായി. പ്രേയീസിൽ 64% ജനപിന്തുണയോടെ കൺസർവേറ്റീവുകൾ ആധിപത്യം തുടരുന്നു. അതേസമയം ഈ മേഖലയിൽ ലിബറൽ പാർട്ടിക്ക് 23 ശതമാനമാണ് ജനപിന്തുണ.
പ്രധാനമന്ത്രി പദത്തിലേക്ക് ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്തവരിൽ 50% പേർ മാർക്ക് കാർണിക്ക് പിന്തുണ നൽകുന്നു. കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനുള്ള പിന്തുണ ഒരു ശതമാനം കുറഞ്ഞ് 33 ശതമാനമായി. എൻഡിപി ലീഡർ ജഗ്മീത് സിങിനുള്ള പിന്തുണ അഞ്ച് ശതമാനത്തിൽ തുടരുന്നു.

ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷത്തിന് 172 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ ലിബറൽ പാർട്ടി 193 സീറ്റുകൾ നേടുമെന്ന് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാവാതെ കുഴങ്ങിയ ലിബറൽ പാർട്ടിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ 167 മുതൽ 222 വരെ വ്യത്യാസപ്പെടാമെന്നും സർവേയിൽ പറയുന്നു. അതേസമയം രണ്ടു മാസം മുമ്പ് വരെ വിവിധ സർവേകളിൽ കേവല ഭൂരിപക്ഷത്തിൽ കൈതൊട്ട കൺസർവേറ്റീവ് പാർട്ടിക്ക് 125 സീറ്റുകളാണ് സർവേയുടെ പ്രവചനം. ഈ സീറ്റുകളുടെ എണ്ണം 99 വരെ കുറയുകയോ 148 വരെ ഉയരുകയോ ചെയ്യാം. ബ്ലോക് കെബക്കോയിസിന് 17 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. എൻഡിപിക്ക് ഏഴു സീറ്റും ഗ്രീൻസ് പാർട്ടിക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് സർവേ പറയുന്നത്.
2021-ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 160 സീറ്റുകളും, കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുകളും ലഭിച്ചിരുന്നു. ബ്ലോക്ക് കെബക്കോയിസിന് 32 സീറ്റുകളാണ് കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻഡിപി 25 സീറ്റുകൾ നേടിയപ്പോൾ ഗ്രീൻ പാർട്ടി രണ്ടു സീറ്റുകളും സ്വന്തമാക്കിയിരുന്നു.