ഓട്ടവ : താരിഫ് പ്രതിസന്ധിയും തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. സെൻട്രൽ ബാങ്ക് ഗവർണർ ടിഫ് മക്ലെമിൻ്റെ നേതൃത്വത്തിലുള്ള പോളിസി നിർമ്മാതാക്കൾ പ്രധാന പോളിസി നിരക്ക് 75 ബേസിസ് പോയിൻ്റ് വെട്ടിക്കുറച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇതോടെ ഏപ്രിൽ 16-ന് സെൻട്രൽ ബാങ്കിൻ്റെ അടുത്ത തീരുമാനത്തിൽ പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറയും.

ട്രംപിൻ്റെ താരിഫ് ആക്രമണങ്ങളെ ആദ്യം നേരിട്ട രാജ്യങ്ങളിലൊന്നായതിനാൽ കാനഡയുടെ വ്യാപരമേഖലയേയും ഉപഭോക്തൃ ആത്മവിശ്വാസത്തെയും ഇതിനകം തന്നെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ, വ്യാപാരയുദ്ധം പണപ്പെരുപ്പം ഉയർത്താൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധികളെ നേരിടാനും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായും ബാങ്ക് ഓഫ് കാനഡയ്ക്ക് പലിശനിരക്ക് വീണ്ടും കുറയ്‌ക്കേണ്ടി വരുമെന്നും മനുലൈഫ് ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ സാമ്പത്തിക വിദഗ്ധനായ ഡൊമിനിക് ലാപോയിൻ്റ് പറയുന്നു.

യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിക്കിടെ മാർച്ചിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിലെ 6.6 ശതമാനത്തിൽ നിന്നും 6.7 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. കൂടാതെ മാർച്ചിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 33,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും ഫെഡറൽ ഏജൻസി അറിയിച്ചു. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണിത്.
