വെല്ലിംഗ്ടൺ, ന്യൂസിലാൻഡ് : പാപുവ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ന്യൂ ബ്രിട്ടൻ ദ്വീപിലെ കിംബെ പട്ടണത്തിന് കിഴക്കായി 194 കിലോമീറ്റർ (120 മൈൽ) അകലെ 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെത്തുടർന്ന് പാപുവ ന്യൂ ഗിനിയ തീരപ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ പ്രതീക്ഷിക്കുന്നതായി യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. കൂടാതെ സമീപത്തെ സോളമൻ ദ്വീപുകളിൽ 0.3 മീറ്റർ ഉയരമുള്ള ചെറിയ തിരമാല ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം പാപ്പുവ ന്യൂ ഗിനിയയുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സുനാമി ഭീഷണിയില്ലെന്ന് ഏജൻസി അറിയിച്ചു.
