ടൊറൻ്റോ : ട്രാക്ക് അറ്റകുറ്റപ്പണികളും ട്രാൻസിറ്റ് ലൈൻ നിർമ്മാണവും കാരണം വാരാന്ത്യത്തിൽ ലൈൻ 1, ലൈൻ 2 സബ്‌വേ സർവീസ് തടസ്സപ്പെടുമെന്ന് അറിയിച്ച് ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC). വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച അടച്ചുപൂട്ടൽ തിങ്കളാഴ്ച രാവിലെ വരെ തുടരും. തിങ്കളാഴ്ച പുലർച്ചെ നാലിന് സ്ട്രീറ്റ്കാർ സർവീസ് പുനരാരംഭിക്കും.

സ്കാർബ്റോ സബ്‌വേ എക്സ്റ്റൻഷൻ്റെ ജോലികൾ നടത്താനുള്ള അടച്ചുപൂട്ടൽ കാരണം ലൈൻ 2-ൽ വാർഡനും കെന്നഡി സ്റ്റേഷനും ഇടയിൽ സബ്‌വേ സർവീസ് ഉണ്ടായിരിക്കില്ല. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ലൈൻ 1 ലെ ഷെപ്പേർഡ് വെസ്റ്റ്, ലോറൻസ് വെസ്റ്റ് സ്റ്റേഷനുകൾക്കിടയിൽ സബ്‌വേ സർവീസ് ഉണ്ടാകില്ലെന്നും ടിടിസി അറിയിച്ചു. അടച്ചുപൂട്ടൽ സമയത്ത് യാത്രക്കാരെ സഹായിക്കാനായി ലൈൻ 1, ലൈൻ 2 എന്നിവയിലെ ഓരോ സ്റ്റേഷനിലും ഷട്ടിൽ ബസുകൾ സർവീസ് നടത്തും. രാത്രിയിലായിരിക്കും പ്രധാനമായും സബ്‌വേ അറ്റകുറ്റപ്പണികളും നടത്തുക. എന്നാൽ, അത്യാധുനിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് വാരാന്ത്യവും രാത്രിയും അടച്ചുപൂട്ടൽ അനിവാര്യമാണെന്ന് ട്രാൻസിറ്റ് ഏജൻസി പറയുന്നു. മറ്റൊരു ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടുത്ത ആഴ്‌ച തിങ്കൾ മുതൽ വെള്ളി വരെ, ലൈൻ 2 ലെ ഓസിംഗ്‌ടണിനും ജെയ്‌നും ഇടയിലുള്ള സബ്‌വേ സർവീസ് രാത്രി 11 മണിക്ക് ശേഷം നിർത്തിവെയ്ക്കുമെന്നും ഏജൻസി അറിയിച്ചു.