ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്ന് ആഴ്ച മാത്രം ശേഷിക്കെ രാജ്യത്തുടനീളമുള്ള വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ഹൗസ് ഓഫ് കോമൺസിലെ സീറ്റുകൾക്കായി പ്രചാരണം ശക്തമാക്കി. ഫെഡറൽ സ്ഥാനാർത്ഥികളിൽ വലിയൊരു വിഭാഗം നിലവിലുള്ളവരും മുൻ രാഷ്ട്രീയക്കാരുമാണ്. ഇനിയും സ്ഥാനാർത്ഥികൾ ആകാൻ ഒരുങ്ങുന്നവർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അവസാനിക്കും. എന്നാൽ, പത്രിക സമർപ്പണത്തിന് മുന്നേ തന്നെ നിരവധി മുൻ പ്രവിശ്യാ രാഷ്ട്രീയക്കാർ ഫെഡറൽ സ്ഥാനാർത്ഥികളായിട്ടുണ്ട്.

അതേസമയം 2021 സെപ്റ്റംബറിലെ അവസാന ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം, കാനഡ ഏകദേശം ഇരുപത് ലക്ഷം പുതിയ പൗരന്മാരെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതുതായി എത്തിയ ഈ പൗരന്മാർ ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ പകുതിയിലധികം ഇന്ത്യ, ഫിലിപ്പീൻസ്, നൈജീരിയ, ചൈന, പാകിസ്ഥാൻ, സിറിയ, ഇറാൻ, യു.എസ്., ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നാണ്. എന്നാൽ, സാധാരണയായി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പുതിയ കനേഡിയൻ പൗരന്മാർ നിലവിലെ പൗരന്മാരെ അപേക്ഷിച്ച് വോട്ട് ചെയ്യാൻ എത്തുന്നത് കുറവാണെന്ന് ഫെഡറൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസിയായ ഇലക്ഷൻസ് കാനഡ പറയുന്നു.