ടൊറൻ്റോ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രവിശ്യയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഒൻ്റാരിയോ സർക്കാർ. ബിയർ വൈൻ, സ്പിരിറ്റ് ടാക്‌സ്, ഗ്യാസോലിൻ ടാക്സ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത പ്രവിശ്യാ ഭരണനിർവ്വഹണ നികുതികൾക്കാണ് ഏപ്രിൽ 1 മുതൽ ഒക്‌ടോബർ 1 വരെ ആറ് മാസത്തേക്ക് നികുതി അടവിൽ സാവകാശം നൽകുന്നത്. ട്രംപ് താരിഫുകളിൽ നിന്ന് തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാൻ 1,100 കോടി ഡോളർ സഹായ പാക്കേജും പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു.

ആറ് മാസത്തെ നികുതി സാവകാശത്തിന് പുറമേ, തൊഴിലാളികളെ ജോലിയിൽ നിലനിർത്തുന്നതിന് വർക്ക്‌പ്ലെയ്‌സ് സേഫ്റ്റി ഇൻഷുറൻസ് ബോർഡ് (ഡബ്ല്യുഎസ്ഐബി) വഴി യോഗ്യരായ ബിസിനസുകൾക്ക് 200 കോടി ഡോളർ റിബേറ്റും നൽകുമെന്ന് ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി അറിയിച്ചു. യുഎസ് ചുമത്തിയ താരിഫുകളുടെ സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് ഒൻ്റാറിയോയിലെ തൊഴിലാളികളെയും ബിസിനസുകളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.