എഡ്മിന്റൻ : ആൽബർട്ടയിൽ കാനഡ വിരുദ്ധവികാരം ശക്തമാകുന്നതായി സൂചന നൽകി പുതിയ സർവേ റിപ്പോർട്ട്. ഏപ്രിൽ 28-ന് നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ച് അധികാരത്തിലെത്തിയാൽ ആൽബർട്ടയിലെ 30% ജനത രാജ്യം വിടാൻ ആഗ്രഹിക്കുന്നതായി പുതിയ ആംഗസ് റീഡ് സർവേ റിപ്പോർട്ട്.

വിഘടനവാദ നീക്കമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം പ്രവിശ്യ നിയമസഭയിലേക്ക് റാലി ആസൂത്രണം ചെയ്തിട്ടുള്ളതും ഇതിനൊപ്പം ചർച്ചയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. നിയമസഭയ്ക്ക് മുന്നിൽ നടക്കുന്ന റാലിയിൽ ആൽബർട്ട കാനഡ വിടുന്നതിനെക്കുറിച്ച് സംസാരിക്കുമെന്ന് അഭിഭാഷകനായ ജെഫ്രി റാത്ത് പറയുന്നു. എന്നാൽ, ഇതിനർത്ഥം ആൽബർട്ട യുഎസിനൊപ്പം ചേരുക എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം എന്ന ആശയത്തിന് പിന്തുണ കൂടുമ്പോൾ പ്രതികരിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്തും രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആവശ്യം ജനങ്ങൾ ശക്തമാക്കിയാൽ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ഹിതപരിശോധനയുടെ കാര്യം ആലോചിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി. അതേസമയം പുതിയ ഫെഡറൽ ഗവൺമെൻ്റുമായുള്ള പ്രവിശ്യയുടെ ബന്ധം പുനഃസജ്ജമാക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ, അത് ആൽബർട്ടയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ മാത്രമായിരിക്കുമെന്നും ഡാനിയേൽ സ്മിത്ത് പറയുന്നു.