വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിൽ ചെറു വിമാനം തകർന്ന് രണ്ടു പേർ മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചില്ലിവാക്ക് തടാകത്തിന് സമീപമാണ് അപകടം. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ തകർന്ന നിലയിൽ സെസ്ന 172 ചെറുവിമാനം കണ്ടെത്തിയതായി ചില്ലിവാക്ക് ആർസിഎംപി അറിയിച്ചു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിന് ഒരു മണിക്കൂർ മുമ്പ് രണ്ടരയോടെ വിമാനത്തിൽ നിന്ന് “എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ സിഗ്നൽ” ലഭിച്ചതായി ജെആർസിസി അറിയിച്ചു. തുടർന്ന് ഫ്ലൈറ്റ് ട്രാക്കിങ് സോഫ്റ്റ്വെയറിലൂടെ കോൺടാക്റ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വിമാനം കാണാതായതായി റിപ്പോർട്ട് ചെയ്തതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചു.