ടൊറൻ്റോ : പൊതു പാർക്കുകളിൽ മദ്യപാനം അനുവദിക്കുന്ന സിറ്റി ഓഫ് ടൊറൻ്റോയുടെ ആൽക്കഹോൾ ഇൻ പാർക്ക്സ് പ്രോഗ്രാം വിജയമെന്ന് റിപ്പോർട്ട്. 19 വയസും അതിൽ കൂടുതലുമുള്ള സന്ദർശകർക്ക് മദ്യപിക്കാൻ അനുവദിക്കുന്ന ഈ പ്രോഗ്രാം 2023-ലാണ് ആദ്യമായി ടൊറൻ്റോയിലുടനീളമുള്ള 27 പാർക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. 2024-ൽ, പ്രോഗ്രാമിന് അംഗീകാരം നൽകുകയും പാർക്കുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ ആൽക്കഹോൾ ഇൻ പാർക്ക്സ് പ്രോഗ്രാമിൽ ഉൾപ്പെട്ട പാർക്കുകളുടെ എണ്ണം 45 ആയി ഉയർത്തി. ഓരോ വാർഡിലും കുറഞ്ഞത് ഒരു പാർക്കെങ്കിലും പ്രോഗ്രാമിൽ ഉൾപ്പെടുത്തും. എന്നാൽ, പ്ലേ ഗ്രൗണ്ട്, സ്വിമ്മിങ് പൂൾ എന്നിവയുൾപ്പെടെ ചില സ്ഥലങ്ങളിൽ മദ്യപാനത്തിന് നിയന്ത്രണമുണ്ട്.

ആൽക്കഹോൾ ഇൻ പാർക്ക്സ് പ്രോഗ്രാം വഴി ശബ്ദമലിനീകരണമോ അക്രമസംഭവങ്ങളോ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ടതോ ആയ പരാതികളിൽ വർധന ഉണ്ടായിട്ടില്ലെന്ന് ടൊറൻ്റോ സിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രോഗാമുമായി ബന്ധപ്പെട്ട് ഇതുവരെ പിഴയൊന്നും ചുമത്തിയിട്ടില്ലെന്ന് ടൊറൻ്റോ പൊലീസും റിപ്പോർട്ട് ചെയ്തു. അതേസമയം മദ്യപാനത്തിൻ്റെ സമയവും മദ്യപാനം അനുവദനീയമായ സ്ഥലങ്ങളും ഉൾപ്പെടെ പ്രോഗ്രാമിൻ്റെ നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് പൊതുജനങ്ങൾ അറിയിച്ചു.
