മൺട്രിയോൾ : ഡിസംബറിൽ നഗരത്തിലെ വെസ്റ്റ് ഐലൻഡിലുള്ള സിനഗോഗിന് തീവെച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തതായി മൺട്രിയോൾ പൊലീസ്. ബുധനാഴ്ച അഞ്ജൗവിൽ വെച്ച് 19 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷകർ അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി തെളിവുകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന് ശേഷം ഒരാൾ പ്രദേശത്ത് നിന്നും രക്ഷപ്പെടുന്നതായി കണ്ടതായുള്ള ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

2024 ഡിസംബർ 18-ന് റോജർ പൈലോൺ സ്ട്രീറ്റിന് സമീപമുള്ള വെസ്റ്റ്പാർക്ക് സ്ട്രീറ്റിലുള്ള ഡോളാർഡ്-ഡെസ്-ഓർമിയോക്സിലെ കോൺഗ്രിഗേഷൻ ബെത്ത് തിക്വ സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവസ്ഥലത്ത് നടന്ന പരിശോധനയിൽ തീപിടിക്കുന്ന ഒരു വസ്തു കണ്ടെത്തി. തീപിടിത്തത്തിൽ കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.