വാഷിംഗ്ടൺ : യുഎസും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യുഎസ്-ചൈന എന്നതിലേക്ക് ചുരുങ്ങുന്നു. ചൈനക്കുള്ള താരിഫുകൾ വർധിപ്പിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മറ്റു രാജ്യങ്ങളുടെയും താരിഫുകൾ 90 ദിവസത്തേക്ക് താൽക്കാലികമായി പിൻവലിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. ചൈനീസ് ഇറക്കുമതിക്കുള്ള താരിഫ് 125 ശതമാനമായി ഉയർത്തിയതായി ട്രംപ് അറിയിച്ചു. കൂടാതെ “പരസ്പര താരിഫ്” നിരക്ക് 10 ശതമാനമായി കുറയ്ക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസുമായി വ്യാപാരം സംബന്ധിച്ച ചർച്ച ആരംഭിച്ച 75 രാജ്യങ്ങളുടെ താരിഫ് നിരക്കാണ് 10 ശതമാനത്തിലേക്ക് താഴ്ത്തുന്നതെന്നും ട്രംപ് ബുധനാഴ്ച പറഞ്ഞു. അദ്ദേഹത്തിൻ്റെ ആഗോള താരിഫ് നയം ബുധനാഴ്ച അർദ്ധരാത്രി പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് താൽക്കാലിക വിരാമം പ്രഖ്യാപിച്ചത്. 90 ദിവസത്തെ ഇടവേളയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ കാലയളവിൽ ഗണ്യമായി കുറച്ച റെസിപ്രോക്കൽ താരിഫ്, 10%, ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഏതൊക്കെ രാജ്യങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം പുതിയ താരിഫ് മാറ്റം കാനഡയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.