എഡ്മിന്‍റൻ: ആൽബർട്ടയിൽ കാട്ടുതീ സീസണിന് തുടക്കമായതോടെ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവിശ്യാ സർക്കാർ. 150 കാലാവസ്ഥാ കേന്ദ്രങ്ങളുടെ ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് 9 ലക്ഷം ഡോളർ അനുവദിച്ചത്. ഇതോടെ തീപിടിത്ത സാഹചര്യങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്ന് ആൽബർട്ട വൈൽഡ് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു.

താപനില, ഈർപ്പം, കാറ്റ്, തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങൾ ഈ സ്റ്റേഷനുകൾ തത്സമയം നിരീക്ഷിക്കുന്നു. കൂടാതെ സീസണിന്റെ തുടക്കത്തിൽ ആൽബർട്ടയിലെ തീപിടിത്ത സാധ്യതാ സൂചകങ്ങളായ മഞ്ഞുപാളികളുടെ അളവ് നിരീക്ഷിക്കാനും മോണിറ്ററുകൾക്ക് കഴിയുമെന്ന് പ്രവിശ്യാ വൈൽഡ്‌ഫയർ ഇൻഫർമേഷൻ യൂണിറ്റ് മാനേജർ ക്രിസ്റ്റി ടക്കർ പറഞ്ഞു.
ഈ വർഷം ഇതുവരെ പ്രവിശ്യയിലുടനീളം 10 കാട്ടുതീ ഉണ്ടായിട്ടുണ്ട് . എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാട്ടുതീയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് അറുപതോളം കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തത്.