തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സി ബി ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിൽ ഇരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം.