വാഷിംഗ്ടൺ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളെ “പരസ്പര” താരിഫുകളിൽ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ. സ്‌മാർട്ട്‌ഫോണുകൾ, കംപ്യൂട്ടർ മോണിറ്ററുകൾ, വിവിധ ഇലക്‌ട്രോണിക് പാർട്‌സുകൾ എന്നിവ ഒഴിവാക്കിയ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ചില കമ്പനികളെ താരിഫിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ, ഫ്ലാറ്റ്-പാനൽ മോണിറ്ററുകൾ, ചില ചിപ്പുകൾ എന്നിവ പോലുള്ള ഇനങ്ങൾ ഇളവിന് യോഗ്യമാകും.

ഇതോടെ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും പോലുള്ള സാധാരണയായി യുഎസിൽ നിർമ്മിക്കാത്ത ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ വില കുറയുമെന്ന് കരുതുന്നു. ആപ്പിൾ, സാംസങ് തുടങ്ങിയ വൻകിട ടെക് കമ്പനികൾക്കും എൻവിഡിയ പോലുള്ള ചിപ്പ് നിർമ്മാതാക്കൾക്കും താരിഫ് ഒഴിവാക്കിയത് ഗുണം ചെയ്യും.