ഓട്ടവ : ബ്രേക്ക്-ഫ്ലൂയിഡ് ചോർച്ച കാരണം ഏകദേശം 14,000 ഫോർഡ്, ലിങ്കൺ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 3.5 എൽ ഇക്കോബൂസ്റ്റ് എഞ്ചിൻ ഘടിപ്പിച്ച 2017 മോഡൽ ഫോർഡ് എഫ്-150, 2017, 2018 മോഡൽ ഫോർഡ് എക്‌സ്‌പെഡിഷൻ, 2017, 2018 മോഡൽ ലിങ്കൺ നാവിഗേറ്റർ എന്നിവയാണ് ബാധിച്ച വാഹനങ്ങൾ.

ഈ വാഹനങ്ങളുടെ ബ്രേക്കിങ് സംവിധാനമാണ് പ്രശ്നം. ഈ മോഡലുകളുടെ മാസ്റ്റർ സിലിണ്ടറിനും ബൂസ്റ്ററിനും ഇടയിൽ ബ്രേക്ക് ഫ്ലൂയിഡ് ചോരുകയും ഇത് ബ്രേക്ക് കുറയുന്നതിനും അപകടസാധ്യത വർധിപ്പിക്കുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ റെഡ് ബ്രേക്ക് ഇൻഡിക്കേറ്ററും വാണിങ് സിഗ്നലും നൽകി വാഹനങ്ങൾ തന്നെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകുമെന്നും അറിയിപ്പിൽ പറയുന്നു. കമ്പനി വാഹനഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും ആവശ്യാനുസരണം പരിശോധനയ്ക്കും മറ്റുമായി ഡീലർഷിപ്പിലേക്ക് വാഹനം കൊണ്ടുവരാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് 1-800-565-3673 എന്ന നമ്പറിൽ ഫോണിലൂടെയോ കമ്പനിയുമായി ഓൺലൈനായോ ബന്ധപ്പെടാം.