വൻകൂവർ : നാല് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഫാർമകെയർ പ്രോഗ്രാം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് എൻഡിപി ലീഡർ ജഗ്മീത് സിങ്. പ്രമേഹ മരുന്നുകൾക്കും ഗർഭനിരോധന കവറേജിനുമായി എല്ലാ പ്രവിശ്യകളുമായി കരാറിൽ എത്തുമെന്നും എൻഡിപി വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുക, വിലക്കയറ്റം തടയുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ജനാധിപത്യം ശക്തിപ്പെടുത്തുക, ഹരിത സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുക തുടങ്ങി പ്രചാരണത്തിലുടനീളം പാർട്ടി വാഗ്ദാനങ്ങളിൽ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്ലാറ്റ്ഫോം പുറത്തിറക്കിയത്. തൊഴിലുടമയുടെ കീഴിൽ കവറേജ് ഇല്ലാത്ത കനേഡിയൻ പൗരന്മാർക്ക് മാനസികാരോഗ്യ സേവനങ്ങളായ സൈക്കോതെറാപ്പി, കൗൺസിലിങ് എന്നിവ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കുമെന്നും ന്യൂ ഡെമോക്രാറ്റുകൾ പറയുന്നു. കൂടാതെ ഭക്ഷ്യവസ്തുക്കളിൽ അടിയന്തര വില പരിധി ഏർപ്പെടുത്തുമെന്നും നിർബന്ധിത ഗ്രോസറി പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും എൻഡിപി വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന വ്യക്തിഗത ആദായനികുതി തുക 19,500 ഡോളർ ആയി ഉയർത്തുകയും കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് ഇരട്ടിയാക്കാനും എല്ലാ മുതിർന്നവരെയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് വർധിപ്പിക്കുമെന്നും എൻഡിപി അറിയിച്ചു. കൂടാതെ 50 കോടി ഡോളറിലധികം ലാഭം നേടുന്ന കോർപ്പറേഷനുകൾക്ക് രണ്ട് ശതമാനം സർടാക്സ് ഏർപ്പെടുത്തും.
വ്യാവസായിക കാർബൺ വിലനിർണ്ണയ സമ്പ്രദായം നിലനിർത്തിക്കൊണ്ടുതന്നെ ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കുമെന്നും എണ്ണ, വാതക ഉദ്വമനത്തിന് ഒരു പരിധി ഉടൻ നടപ്പിലാക്കുമെന്നും എൻഡിപി വാഗ്ദാനം ചെയ്യുന്നു. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫെഡറൽ റിബേറ്റ് 5,000 ഡോളർ വരെ നീട്ടുകയും ദേശീയ കാട്ടുതീ പ്രതിരോധ സേന സ്ഥാപിക്കുകയും 2030 ഓടെ “അനാവശ്യമായ പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങൾ” അടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിരോധിക്കുമെന്നും തിരഞ്ഞെടുപ്പ് പ്ലാറ്റ്ഫോമിലൂടെ പാർട്ടി പറയുന്നു.

എന്നാൽ, കാനഡ-യു.എസ് സംഘർഷത്തെ പ്രതിരോധിക്കാനുള്ള വിവിധ മാർഗങ്ങൾ വിവരിക്കുന്നതിനുമപ്പുറം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വിപുലീകരിക്കുന്നതിനെ ന്യൂ ഡെമോക്രാറ്റുകൾ എങ്ങനെ സമീപിക്കും എന്നതിനെക്കുറിച്ച് പാർട്ടി നയം വ്യക്തമാക്കിയിട്ടില്ല. 2030 ഓടെ ഉയർന്ന കാർബൺ, ഉയർന്ന ജൈവവൈവിധ്യമുള്ള ഭൂമി, ശുദ്ധജലം, സമുദ്രങ്ങൾ എന്നിവയുടെ 30 ശതമാനമെങ്കിലും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ജൈവവൈവിധ്യ ഉത്തരവാദിത്ത നിയമം എൻഡിപി സർക്കാർ പാസാക്കും.