ഓട്ടവ : ഏപ്രിൽ 28-ന് നടക്കുന്ന പൊതു ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ബാലറ്റിലൂടെ വോട്ട് ചെയ്യാനുള്ള അവസരം നാളെ അവസാനിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. ഏതെങ്കിലും ഇലക്ഷൻസ് കാനഡ ഓഫീസിൽ പ്രത്യേക ബാലറ്റ് ഉപയോഗിച്ച് ചൊവ്വാഴ്ച വരെ മെയിൽ വഴി വോട്ടുചെയ്യാൻ സാധിക്കും. ആശുപത്രികൾ ഉൾപ്പെടെയുള്ള അക്യൂട്ട് കെയർ സെൻ്ററുകളിൽ ഞായറാഴ്ച ആരംഭിച്ച പ്രത്യേക ബാലറ്റ് വോട്ടിങ്ങും ചൊവ്വാഴ്ച വരെ തുടരും.

ഫെഡറൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ പറയുന്നു. ഏകദേശം ഇരുപത് ലക്ഷം ആളുകളാണ് ആദ്യദിനം വോട്ട് രേഖപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിൻ്റെ ആദ്യ ദിവസത്തേക്കാൾ 36 ശതമാനം കൂടുതലാണ് വെള്ളിയാഴ്ചത്തെ പോളിങ് എന്ന് ഏജൻസി പറയുന്നു. മുൻകൂർ വോട്ടെടുപ്പിൻ്റെ നാല് ദിവസങ്ങളിൽ പോൾ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇലക്ഷൻസ് കാനഡ അറിയിച്ചു.