പാരിസ് : പടിഞ്ഞാറൻ ഫ്രാൻസിൽ ഹൈസ്കൂളിലുണ്ടായ കത്തിക്കുത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു, മൂന്ന് പേർക്ക് പരുക്കേറ്റു. അറ്റ്ലാൻ്റിക് തീരത്തിനടുത്തുള്ള നാൻ്റസിലെ സ്വകാര്യ കാത്തലിക് നോട്ട്-ഡേം-ഡി-ടൗട്ട്സ്-എയ്ഡ്സ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയാണ് സംഭവം. ഹൈസ്കൂൾ വിദ്യാർത്ഥി നാല് പേരെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കത്തിക്കുത്തിനുള്ള കാരണം വ്യക്തമല്ല. വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടി പൊലീസിന് കൈമാറി. ഫ്രഞ്ച് സ്കൂളുകളിൽ മാരകമായ ആക്രമണങ്ങൾ വളരെ വിരളമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതിയായ വിദ്യാർത്ഥി മറ്റു വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചിരുന്നതായി സ്കൂളിലെ വിദ്യാർത്ഥികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അന്വേഷണം ആരംഭിച്ചു. പ്രൈമറി, മിഡിൽ സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ അധികൃതർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രി എലിസബത്ത് ബോണും ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്ലോയും സ്കൂൾ സന്ദർശിച്ചു.
