വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തുന്നത് പതിനായിരങ്ങൾ. ബുധനാഴ്ച രാവിലെ കാസ സാന്താ മാർട്ടയിലെ വസതിയിൽനിന്ന് കർദിനാൾമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെ മൃതദേഹം വത്തിക്കാൻ സിറ്റിയിലെ ബസിലിക്കയിലെത്തിച്ചു.
പാപ്പായുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു.
കര്‍ദിനാള്‍മാരും ബിഷപ്പുമാരും ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അര്‍ധരാത്രിക്കുശേഷവും പൊതുദര്‍ശനം നീട്ടുമെന്നു വത്തിക്കാന്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പത്തിനു പൊതുദര്‍ശനം പൂര്‍ത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. പിന്നീട് 9 ദിവസം ദുഃഖാചരണം.
