ഓട്ടവ : വിഷബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ ചില വേപ്പിങ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. വ്യത്യസ്ത രുചികളിലും നിക്കോട്ടിൻ അടങ്ങിയതുമായ ക്രിസ്റ്റൽ ഇ-ലിക്വിഡ് 250 മില്ലി ബോട്ടിലുകളാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.

ഉൽപ്പന്നങ്ങൾ നിയമാനുസൃതമായ പാക്കേജിങ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഹെൽത്ത് കാനഡ പറയുന്നു. നിക്കോട്ടിൻ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ കഴിച്ചാൽ വിഷബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ബോട്ടിലുകളുടെ അടപ്പ് വേഗം തുറക്കാൻ സാധിക്കുന്നതിനാൽ കുട്ടികൾ ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നും ഇത് മരണം ഉൾപ്പെടെ ഗുരുതരമായ രോഗങ്ങൾക്കോ പരുക്കുകൾക്കോ സാധ്യത വർധിപ്പിക്കുമെന്നും ഫെഡറൽ ഏജൻസി പറയുന്നു. 2023 ഫെബ്രുവരി മുതൽ ഈ മാസം വരെ കാനഡയിലുടനീളം വിറ്റ ക്രിസ്റ്റൽ ഇ-ലിക്വിഡ് വേപ്പിങ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തി എത്രയും പെട്ടെന്ന് ഉപേക്ഷിക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
