ഹാലിഫാക്സ് : ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്ക് പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിൽ നോവസ്കോഷ ഗണ്യമായ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 187 പുതിയ ഡോക്ടർമാർ ചുമതലയെടുത്തതായും ഇത് മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടി നേട്ടമാണെന്നും നോവസ്കോഷ ഹെൽത്ത് റിക്രൂട്ട്മെന്റ് ഡയറക്ടർ കത്രീന ഫിലോപൗലോസ് പറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ, 253 പുതിയ ഡോക്ടർമാരെ പ്രവിശ്യയിലേക്ക് ആകർഷിച്ചിരുന്നു. അതിൽ 89 പേർ കുടുംബ ഡോക്ടർമാരും 164 പേർ സ്പെഷ്യലിസ്റ്റുകളുമാണ്.
ഡൽഹൗസി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ റെസിഡന്റുമാരെയും അന്താരാഷ്ട്ര പരിശീലനം ലഭിച്ച ഡോക്ടർമാരെയുമാണ് പ്രധാനമായും റിക്രൂട്ട് ചെയ്തിരിക്കുന്നതെന്ന് ഫിലോപൗലോസ് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഡോക്ടർമാർക്ക് നോവസ്കോഷയെ ആകർഷകവും മെച്ചപ്പെട്ടതുമായ തൊഴിലടമാക്കി മാറ്റാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ വിജയമാണ് ഇതെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ പറഞ്ഞു.

ട്രൂറോ, ഡിഗ്ബി, ആന്റിഗോണിഷ് എന്നിവയുൾപ്പെടെ പ്രവിശ്യയിലെ ചെറിയ പ്രദേശങ്ങളിലേക്ക് ഡോക്ടർമാരെ സ്വാഗതം ചെയ്യാൻ പ്രവിശ്യയുടെ റിക്രൂട്ട്മെന്റ് പ്രോഗ്രാം സഹായിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന കനേഡിയൻ ഡോക്ടർമാരെയും ആകർഷിക്കാൻ പുതിയ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിലൂടെ നോവസ്കോഷ ലക്ഷ്യമിടുന്നു.

കുടുംബ ഡോക്ടർക്കോ നഴ്‌സ് പ്രാക്ടീഷണർക്കോ വേണ്ടിയുള്ള വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം ഏപ്രിൽ 1 ആയപ്പോഴേക്കും 93,700 ആയി കുറഞ്ഞു. ഫെബ്രുവരി 15-ന് ഇത് 104,300 ആയിരുന്നു. മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഫാമിലി ഡോക്ടർമാരുടെ 104 ഒഴിവുകളും സ്പെഷ്യലി സ്റ്റുകളുടെ 108 ഒഴിവുകളുമാണ് ഇനി പ്രവിശ്യയിലുള്ളത്.
