മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ ഭവനരഹിതര്‍ക്കിടയില്‍ ഗുരുതരമായ ഉദരരോഗം (ഷിഗെല്ലോസിസ്) പടര്‍ന്നുപിടിക്കുന്നു. രോഗവ്യാപനം തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷെല്‍ട്ടര്‍ ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. വയറിളക്കം, കടുത്ത വയറുവേദന, പനി എന്നിവയ്ക്ക് കാരണമാകുന്ന ഷിഗെല്ല (Shigella) ബാക്ടീരിയയാണ് രോഗത്തിന് പിന്നില്‍.
കൈകള്‍ വൃത്തിയായി കഴുകുന്നത് പോലുള്ള ലളിതമായ ശുചിത്വ ശീലങ്ങളിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കുമെങ്കിലും, ശുദ്ധജലവും ശൗചാലയ സൗകര്യങ്ങളും പരിമിതമായ തെരുവുകളിലും ഷെല്‍ട്ടറുകളിലും കഴിയുന്നവര്‍ക്കിടയിലാണ് രോഗം അതിവേഗം പടരുന്നത്. നഗരത്തിലെ ഏറ്റവും വലിയ ഷെല്‍ട്ടറുകളിലൊന്നായ ഓള്‍ഡ് ബ്രൂവറി മിഷനിലെ പ്രതിരോധ നടപടികള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരന്‍ പ്രവിശ്യയിലെ തൊഴിലിട സുരക്ഷാ ബോര്‍ഡിന് പരാതി നല്‍കി. വിഷയം ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നതെന്നും ജീവനക്കാര്‍ക്ക് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രോഗവ്യാപനം തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് കിഴക്കന്‍ മണ്‍ട്രിയോളില്‍ മൂന്ന് ഷെല്‍ട്ടറുകള്‍ നടത്തുന്ന സിഎപി സെന്റ്-ബര്‍ണാബെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഷേല്‍ പറ്റെനൗഡ് അറിയിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി ചില സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതായും ആരും ഈ സാഹചര്യത്തെ നിസ്സാരമായി കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. ടെന്റുകളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ അടിസ്ഥാന ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് എല്‍ അനോണിം സംഘടനയുടെ തലവന്‍ ജൂലിയന്‍ മോണ്‍ട്രൂയില്‍ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് അവസാനം മുതല്‍ ഇതുവരെ നഗരത്തിലെ ഭവനരഹിതരായ 45 പേര്‍ക്ക് ഷിഗെല്ലോസിസ് സ്ഥിരീകരിച്ചതായി മണ്‍ട്രിയോള്‍ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. സാധാരണഗതിയില്‍ നഗരത്തിലാകെ ഒരു വര്‍ഷം ഏകദേശം 150 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷിഗെല്ല അണുബാധ വര്‍ധിക്കുന്നതായി കാണിച്ച് ഒക്ടോബര്‍ 26-ന് ആരോഗ്യവകുപ്പ് (സാന്റേ കെബെക്ക്) ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷെല്‍ട്ടറുകളിലെ തിരക്കും ശുചിത്വ സൗകര്യങ്ങളുടെ കുറവും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.
രോഗബാധിതരായ ഷെല്‍ട്ടറുകളില്‍ ശുചിത്വ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മണ്‍ട്രിയോള്‍ പബ്ലിക് ഹെല്‍ത്ത് വക്താവ് ജെനീവീവ് പാരഡിസ് വ്യക്തമാക്കി. എന്നാല്‍ പ്രതിരോധ നടപടികള്‍ ഭവനരഹിതര്‍ക്ക് ലഭിക്കേണ്ട അവശ്യ സേവനങ്ങള്‍ക്ക് തടസ്സമാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വിഷയം അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഓള്‍ഡ് ബ്രൂവറി മിഷന്‍ വക്താവ് വില്യം ഹോഡ്സണും പ്രതികരിച്ചു.
വന്‍കൂവര്‍, എഡ്മിന്റന്‍, ടൊറന്റോ തുടങ്ങിയ മറ്റ് വടക്കേ അമേരിക്കന്‍ നഗരങ്ങളിലും ഭവനരഹിതര്‍ക്കിടയില്‍ ഈ ബാക്ടീരിയല്‍ അണുബാധ വര്‍ധിച്ചുവരികയാണ്. മതിയായ പാര്‍പ്പിട സൗകര്യങ്ങളുടെയും പൊതു ശുചിത്വ സംവിധാനങ്ങളുടെയും അഭാവമാണ് ഇത്തരം രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. കാള്‍ ബൂഡ്മാന്‍ വിലയിരുത്തുന്നു.
