മൺട്രിയോൾ : പ്രവിശ്യയിലെ മിനിമം വേതനം മെയ് ഒന്ന് മുതൽ മണിക്കൂറിൽ 16.10 ഡോളറായി വർധിക്കുമെന്ന് കെബെക്ക് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള 15.75 ഡോളറിൽ നിന്നും 2.22% വർധനവാണ് മിനിമം വേതനത്തിൽ ഉണ്ടാകുക. പുതിയ മാറ്റത്തോടെ മിനിമം വേതന തൊഴിലാളികളുടെ വാർഷിക ഡിസ്പോസിബിൾ വരുമാനം ഏകദേശം 484 ഡോളർ വർധിക്കും. കൂടാതെ 118,400 സ്ത്രീകൾ ഉൾപ്പെടെ 217,400 ജീവനക്കാർക്ക് മിനിമം വേതന വർധനയുടെ ആനുകൂല്യം ലഭിക്കും.

പൊതു മിനിമം വേതനം 16.10 ഡോളർ ആയി വർധിക്കുന്നതോടെ സ്ഥിരമായി ടിപ്പുകൾ സ്വീകരിക്കുന്ന ജീവനക്കാരുടെ മിനിമം മണിക്കൂർ വേതനം മണിക്കൂറിന് 12.60 ഡോളറിൽ നിന്നും 12.90 ഡോളർ ആയി ഉയരും. എന്നാൽ, കെബെക്കിലെ പുതിയ മിനിമം വേതനം 16.10 ഡോളർ എന്നത് ഫെഡറൽ മിനിമം വേതനമായ 17.30 ഡോളറിനേക്കാൾ കുറവാണ്. കൂടാതെ മറ്റു പല പ്രവിശ്യകളെ അപേക്ഷിച്ച് കുറവാണ്.