ഓട്ടവ : രാജ്യതലസ്ഥാനത്ത് നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഓട്ടവ പൊലീസ് സർവീസ്. ഇന്ത്യൻ വിദ്യാർത്ഥിനി വൻഷിക (20) ആണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കാർലിങ് അവന്യൂവിലെ ഡിക്ക് ബെൽ പാർക്കിലാണ് വൻഷികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓട്ടവ പൊലീസ് അറിയിച്ചു.

ഏപ്രിൽ 25-ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി പ്രാദേശിക ഹിന്ദി കമ്മ്യൂണിറ്റി പറയുന്നു. വൈകിട്ട് ഏഴുമണിയോടെ മജസ്റ്റിക് ഡ്രൈവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ വൻഷികയെ രാത്രി ഒമ്പത് മണിയോടെ കാണാതായതായി ഓട്ടവ പൊലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രി പതിനൊന്നരയോടെ വൻഷികയുടെ ഫോൺ സ്വിച്ച് ഓഫായി. നിരന്തരം ഫോൺ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതേടെ കുടുംബം ആശങ്കയിലായി. അടുത്ത ദിവസം നടന്ന പ്രധാന പരീക്ഷയ്ക്കും വൻഷിക ഹാജരായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വൻഷികയെ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു, പരാതിയിൽ പറയുന്നു.