വൻകൂവർ : ലാപു ലാപു ഫെസ്റ്റിവലിലെ ആക്രമണത്തിലെ പ്രതി കൈ-ജി ആദം ലോ, മാനസികാരോഗ്യ ചികിത്സയിലായിരുന്നതായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി. സൗത്ത് വൻകൂവറിലെ ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

30 വയസ്സുള്ള കൈ-ജി ആദം ലോയ്ക്ക് ക്രിമിനൽ റെക്കോർഡ് ഇല്ല, എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. അതേസമയം ദുരന്തത്തിൻ്റെ തലേദിവസം ലോവർ മെയിൻലാൻഡിലുണ്ടായ മറ്റൊരു സംഭവത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി വൻകൂവർ പൊലീസ് റിപ്പോർട്ട് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 32 പേർ ലോവർ മെയിൻലാൻഡിന് ചുറ്റുമുള്ള ആറ് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിലാണ്. തുടക്കത്തിൽ, ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം എട്ട് ആയിരുന്നു. എന്നാൽ, പിന്നീട് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതോടെ ആ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ ഒമ്പത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്.