മൺട്രിയോൾ : മോണ്ടെറെഗി മേഖലയിലെ സെൻ്റ്-ബാസിലെ-ലെ-ഗ്രാൻഡിന് സമീപം നദിയിൽ സീപ്ലെയിൻ തകർന്നു വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. റിച്ചെലിയു നദിയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ഒരാൾ പിന്നീട് മരിച്ചതായി സെൻ്റ് ലോൻ്റ് പൊലീസ് അറിയിച്ചു.

മോണ്ടി റോബർട്ടിന് സമീപമാണ് അപകടം നടന്നതെന്ന് റിച്ചെലിയു–സെൻ്റ് ലോൻ്റ് ഇന്‍റർമുനിസിപ്പൽ പൊലീസ് ബോർഡ് വക്താവ് ജീൻ-ലൂക്ക് ട്രെംബ്ലേ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ അപകടത്തിന് ശേഷം നീന്തി കരയിലെത്തിയതായി അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ ആൾ വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ വിമാനത്തിലുണ്ടായിരുന്ന ആളെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.