ഓട്ടവ : ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് അഞ്ചാംപനി സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത് (OPH). 2019-ന് ശേഷമുള്ള നഗരത്തിലെ ആദ്യത്തെ കേസാണിതെന്നും രാജ്യാന്തര യാത്രക്ക് ശേഷം ഓട്ടവയിൽ എത്തിയ മുതിർന്ന വ്യക്തിക്കും കുട്ടിക്കുമാണ് അഞ്ചാംപനി ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള ആളുകളെ വിവരം അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്ന് ആരോഗ്യ ഏജൻസി പറയുന്നു. എന്നാൽ, സമ്പർക്കം പുലർത്താൻ സാധ്യതയുള്ള രണ്ട് സ്ഥലങ്ങളുണ്ടെന്ന് ഏജൻസി അറിയിച്ചു. ഏപ്രിൽ 21 തിങ്കളാഴ്ച, വൈകുന്നേരം അഞ്ചിനും രാത്രി എട്ടിനും ഇടയിൽ 1021 സിർവിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഫുഡ് ബേസിക്സ്, ഏപ്രിൽ 23 ബുധനാഴ്ച, വൈകുന്നേരം ആറിനും രാത്രി എട്ടരയ്ക്കും ഇടയിൽ 1405 ബ്ലെയർ ടവേഴ്സ് പ്ലോട്ടിൽ (ഒഗിൽവി റോഡിന് സമീപം) സ്ഥിതി ചെയ്യുന്ന കോസ്റ്റ്കോ എന്നിവയാണ് രോഗബാധിതർ എത്തിയ സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ എത്തിയവരുണ്ടെങ്കിൽ മെയ് 12 അല്ലെങ്കിൽ മെയ് 14 വരെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കാൻ OPH ആളുകളോട് ആവശ്യപ്പെട്ടു.