വൻകൂവർ : കാനഡ-യുഎസ് വ്യാപാര യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിൽ വൻകൂവറിലെ വീടുകളുടെ വിൽപ്പന വീണ്ടും കുറഞ്ഞതായി ഗ്രേറ്റർ വാൻകൂവർ റിയൽറ്റേഴ്സ് റിപ്പോർട്ട്. വ്യാപാരയുദ്ധം കാരണം വീടുകൾ വാങ്ങാൻ ഒരുങ്ങിയവർ തീരുമാനം പുനഃപരിശോധിച്ചതാണ് ഈ ഇടിവിന് കാരണമെന്ന് ഏജൻസി പറയുന്നു. അതേസമയം മെച്ചപ്പെട്ട വായ്പാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിൽപ്പനയിലെ മാന്ദ്യം അസാധാരണമാണെന്ന് ഗ്രേറ്റർ വൻകൂവർ റിയൽറ്റേഴ്സിന്റെ ഇക്കണോമിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഡയറക്ടർ ആൻഡ്രൂ ലിസ് പറയുന്നു.

കഴിഞ്ഞ മാസം ഈ മേഖലയിൽ 2,163 വീടുകളാണ് വിറ്റത്. ഇത് 2024 ഏപ്രിലിൽ രേഖപ്പെടുത്തിയ 2,831 വിൽപ്പനയിൽ നിന്ന് 23.6 ശതമാനവും 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 28.2 ശതമാനവും കുറവാണ്. അതേസമയം വിപണിയിൽ പുതുതായി എത്തിയ വീടുകളുടെ എണ്ണം 6,850 ആണ്. 2024 ഏപ്രിലിൽ നിന്ന് 3.4% കുറവ്. പക്ഷേ ഇപ്പോഴും 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 19.5% കൂടുതലുമാണ്. മൊത്തം സജീവ ലിസ്റ്റിങ്ങുകൾ വർഷം തോറും 29.7% ഉയർന്ന് 16,207 ആയി. ഏപ്രിലിലെ വീടുകളുടെ വില 1,184,500 ഡോളർ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.8% കുറവും മാർച്ചിനെ അപേക്ഷിച്ച് 0.5% കുറവുമാണ്.