എഡ്മിന്റൻ : അടിയന്തര പൊതുജന ജാഗ്രതാ സംവിധാനമായ അലേർട്ട് റെഡി ഇന്ന് രാജ്യമെമ്പാടും പരീക്ഷിച്ചപ്പോൾ ആൽബർട്ടയിൽ അലേർട്ട് മുഴങ്ങിയില്ല. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ നിരവധി മുന്നറിയിപ്പുകൾ നൽകിയത് കണക്കിലെടുത്താണ് പരിശോധന റദ്ദാക്കിയതെന്ന് ആൽബർട്ട പൊതുസുരക്ഷാ, അടിയന്തര സേവന മന്ത്രാലയം പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി അലേർട്ടുകൾ നൽകിയിട്ടുണ്ട്, കൂടാതെ അലേർട്ട് റെഡി സംവിധാനം പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. നിലവിലെ അവസ്ഥയിൽ പ്രവിശ്യയിൽ അലേർട്ട് റെഡി സംവിധാനം പരിശോധിച്ചാൽ ആളുകൾ ആശയക്കുഴപ്പത്തിലാകും. കൂടാതെ പ്രവിശ്യനിവാസികൾക്ക് യഥാർത്ഥ മുന്നറിയിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ശരത്കാലത്തും അലേർട്ട് റെഡി സംവിധാനം പരീക്ഷിക്കാറുണ്ടെന്നും ഭാവിയിൽ ഇത്തരം ഏതെങ്കിലും പരിശോധന നടത്തുകയാണെങ്കിൽ മുൻകൂട്ടി അറിയിപ്പ് നൽകുമെന്നും പ്രവിശ്യ അറിയിച്ചു.