ടൊറൻ്റോ : തുടർച്ചയായ ഏഴാം മാസവും ഏപ്രിലിൽ ദേശീയ ശരാശരി വാടക നിരക്ക് കുറഞ്ഞതായി Rentals.ca, Urbanation റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടക 2.8% കുറഞ്ഞ് 2,127 ഡോളറായി. എന്നാൽ, മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 0.4% വാടക വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം കാനഡയിലെ ശരാശരി വാടക രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 6.2% കൂടുതലാണെന്ന് Rentals.ca, Urbanation റിപ്പോർട്ട് പറയുന്നു. അപ്പാർട്ട്മെൻ്റ് വാടക ഒരു വർഷം മുമ്പുള്ളതിനേക്കാൾ 0.9% കുറഞ്ഞ് 2,105 ഡോളറായി. അതേസമയം കോണ്ടോമിനിയം വാടക 5.2% കുറഞ്ഞ് 2,210 ഡോളറുമായി.

ഏപ്രിലിൽ ഏറ്റവും വലിയ വാടക ഇടിവ് ഉണ്ടായത് ഒൻ്റാരിയോയിലാണ്. പ്രവിശ്യയിലെ ശരാശരി വാടക 2.7% കുറഞ്ഞ് ശരാശരി 2,338 ഡോളറിലെത്തി. ആൽബർട്ടയിലെ വാടക നിരക്ക് 1.8% കുറഞ്ഞ് 1,716 ഡോളറായപ്പോൾ കെബെക്കിൽ 1.7% കുറഞ്ഞ് 1,976 ഡോളറും ബ്രിട്ടിഷ് കൊളംബിയയിൽ ഒരു ശതമാനം കുറഞ്ഞ് 2,483 ഡോളറുമായതായി Rentals.ca, Urbanation റിപ്പോർട്ട് ചെയ്തു.