Thursday, March 12, 2026

വിഘടനവാദത്തെ അനുകൂലിക്കുന്ന ആൽബർട്ട നിവാസികളുടെ എണ്ണം വർധിക്കുന്നു: സർവേ

എഡ്മിന്‍റൻ : ആൽബർട്ട കാനഡയിൽ നിന്നും വേർപിരിയുന്നതിനെ അനുകൂലിക്കുന്ന പ്രവിശ്യാനിവാസികളുടെ എണ്ണം വർധിച്ചു വരുന്നതായി പുതിയ സർവേ റിപ്പോർട്ട്. കുറഞ്ഞത് 36% നിവാസികൾ കാനഡ വിടാൻ വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ സർവേ കണ്ടെത്തി. യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി വോട്ടർമാരിൽ 65% പേരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും സർവേ പറയുന്നു.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ പ്രീമിയർ ഡാനിയേൽ സ്മിത്ത് കാനഡയിൽ നിന്ന് വേർപിരിയുന്നത് ഉൾപ്പെടെ റഫറണ്ടം ആരംഭിക്കുന്നത് എളുപ്പമാക്കുന്ന ബിൽ അവതരിപ്പിച്ചിരുന്നു. ഒരു റഫറണ്ടത്തിന് തുടക്കമിടുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലും പുതിയ ബിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. ഇതോടെ കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരിൽ പത്ത് ശതമാനം പേരുടെ ഒപ്പ് ലഭിച്ചാൽ റഫറണ്ടത്തിനു തുടക്കമിടാം. നേരത്തെ ഒരു റഫറണ്ടം തുടങ്ങണമെങ്കിൽ ആകെ വോട്ടർമാരുടെ 20% പേരുടെ ഒപ്പ് ആവശ്യമായിരുന്നു. കൂടാതെ ഒപ്പുശേഖരണത്തിനുള്ള പരിധി 90 ദിവസത്തിൽ നിന്നും 120 ദിവസമായി ദീർഘിപ്പിച്ചു.

അതേസമയം 2026-ൽ ഒരു റഫറണ്ടം നടക്കുമെന്നും അത് ആൽബർട്ടക്കാർക്കിടയിൽ കടുത്ത ഭിന്നിപ്പുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡുവാൻ ബ്രാറ്റ് പ്രവചിക്കുന്നു. ഈ വിഷയം യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിൽ വിള്ളൽ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിമതസ്വരം ഉയർത്തുന്നവർ ഡോണൾഡ് ട്രംപിന്‍റെ അമേരിക്കയിൽ ചേരാൻ പോലും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, കാനഡയിൽ നിന്ന് വേർപെടുത്തുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക്കും എഡ്മിന്‍റൻ മേയർ അമർജീത് സോഹിയും പറയുന്നു. രാജ്യം ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് അനാവശ്യമായ നീക്കമാണ് ഇതെന്നും ഇരുവരും അഭിപ്രായപ്പെട്ടു. പുതിയ ബിൽ വഴി ഹിതപരിശോധനയ്ക്കുള്ള ഒപ്പുകളുടെ എണ്ണം കുറച്ചതിനെയും ഇരു നഗരങ്ങളിലെയും മേയർമാർ വിമർശിച്ചു. വേർപിരിയൽ ചർച്ചകൾക്ക് വ്യക്തമായ മാർഗ്ഗരേഖയില്ലെന്നും ഇത് നിക്ഷേപം പിൻവലിക്കാൻ കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!