മൺട്രിയോൾ : വേതന വർധന അടക്കം നിരവധി പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ പണിമുടക്കിന് ഒരുങ്ങുകയാണ് സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ (STM) ജീവനക്കാർ. യൂണിയൻ അംഗങ്ങളിൽ 87% പേർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (സിയുപിഇ) പ്രസിഡൻ്റ് സ്റ്റെഫാൻ ലാമോണ്ട് അറിയിച്ചു.

STM-ലെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ജീവനക്കാർ 40 വർഷത്തിനിടെ ഇതാദ്യമായാണ് പണിമുടക്കിനൊരുങ്ങുന്നത്. ഒരു വർഷം നീണ്ട ചർച്ചകൾക്കും 28 മീറ്റിങ്ങുകൾക്കും ശേഷവും യൂണിയൻ മുന്നോട്ടുവെച്ച പ്രധാന പ്രശ്നങ്ങൾക്ക് പോലും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സ്റ്റെഫാൻ ലാമോണ്ട് പറയുന്നു.