വൻകൂവർ : സാമ്പത്തിക അനിശ്ചിതത്വത്തെ തുടർന്ന് പ്രവിശ്യയിലെ വീടുകളുടെ വിൽപ്പന കുറഞ്ഞതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ റിപ്പോർട്ട്. 2024 ഏപ്രിലിൽ നിന്ന് ഈ ഏപ്രിലിൽ വീടുകളുടെ വിൽപ്പന ഏകദേശം 15% കുറഞ്ഞതായി അസോസിയേഷൻ അറിയിച്ചു. ഏപ്രിലിൽ പ്രവിശ്യയിലുടനീളം 6,453 വീടുകളാണ് വിറ്റത്. കൂടാതെ വീടുകളുടെ വില ആറ് ശതമാനം കുറഞ്ഞ് ഏകദേശം 943,000 ഡോളറിലെത്തി.

വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ, ഇൻവെന്‍ററി കുതിച്ചുയർന്നതായി അസോസിയേഷൻ ചീഫ് ഇക്കണോമിസ്റ്റ് ബ്രെൻഡൻ ഒഗ്മണ്ട്സൺ പറഞ്ഞു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായി തുടരുന്ന അമേരിക്കയുമായുള്ള വ്യാപാരയുദ്ധവും സാമ്പത്തിക അനിശ്ചിതത്വവും കാരണം വിപണിയിലെത്തുന്ന നൂറു വീടുകളിൽ പത്ത് എണ്ണം മാത്രമാണ് വിറ്റുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രേസർ വാലിയിൽ വീടുകളുടെ വിൽപ്പനയിൽ ഏകദേശം 30% ഇടിവുണ്ടായിട്ടുണ്ടെന്നും ബ്രെൻഡൻ ഒഗ്മണ്ട്സൺ അറിയിച്ചു. ഫ്രേസർ വാലിയിൽ ഒരു വീട് വിൽക്കാൻ ശരാശരി 30 ദിവസമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.