വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ തീരത്ത് സീപ്ലെയിൻ തകർന്ന് മൂന്ന് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ സൺഷൈൻ തീരത്തെ റെഫ്യൂജ് കോവിന് സമീപമാണ് അപകടം. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് കപ്പലായ കേപ്പ് കോഷനും ഇൻഷോർ റെസ്‌ക്യൂ ബോട്ടും അയച്ചതായി ജോയിൻ്റ് റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെന്‍റർ ഉദ്യോഗസ്ഥർ അറിയിച്ചു.

സീപ്ലെയിനിൽ മൂന്നു പേരുണ്ടായിരുന്നതായും എല്ലാവർക്കും വിമാനത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചെന്നും ജെആർസിസി വക്താവ് ക്യാപ്റ്റൻ പെഡ്രാം മൊഹ്‌യെദ്ദീൻ റിപ്പോർട്ട് ചെയ്തു. മൂവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് പറയുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി ആർസിഎംപി പറയുന്നു. സംഭവത്തിൽ ട്രാൻസ്‌പോർട്ട് കാനഡ അന്വേഷണം ആരംഭിച്ചു.