എഡ്മിന്‍റൻ : പ്രവിശ്യയിൽ പുതുതായി 19 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി ആൽബർട്ട ഹെൽത്ത് വക്താവ്. മാർച്ച് ആദ്യം അണുബാധ കണ്ടെത്തിയത് മുതൽ ഇതുവരെ അഞ്ചാംപനി കേസുകളുടെ എണ്ണം അഞ്ഞൂറിലധികമായതായും ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടാതെ പുതിയ കേസുകളിൽ ഒന്ന് ഒഴികെ മറ്റെല്ലാം തെക്കൻ ആൽബർട്ടയിലാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളിൽ 70 ശതമാനത്തിലധികവും ഈ പ്രദേശത്താണ്.

ആൽബർട്ടയിലെ മൊത്തം കേസുകളിൽ 80 ശതമാനത്തോളം കുട്ടികളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ ഡാറ്റ കാണിക്കുന്നു. ഇതിൽ 157 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഈ മാസം ആദ്യം വരെ, 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആൽബർട്ട ഹെൽത്ത് വക്താവ് അറിയിച്ചു. പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ, പനി ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ.