ഓട്ടവ : വെസ്റ്റ് ബാങ്കിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധി സംഘം സഞ്ചരിച്ചിരുന്നതിന് സമീപം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വെടിയുതിർത്ത സംഭവത്തിൽ പ്രതിഷേധമറിച്ച് കാനഡ. സംഭവത്തിൽ കാനഡയിലെ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ നടന്ന പര്യടനത്തിൽ നാല് കനേഡിയൻ പൗരന്മാർ പങ്കെടുത്തിരുന്നുവെന്നും ആർക്കും പരുക്കില്ലെന്നും മന്ത്രി സ്ഥിരീകരിച്ചു. ഫ്രാൻസിലെയും ഇറ്റലിയിലെയും വിദേശകാര്യ മന്ത്രിമാർ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ അവരുടെ ഇസ്രയേൽ അംബാസഡർമാരെ വിളിപ്പിച്ചിട്ടുണ്ട്.

നയതന്ത്ര പ്രതിനിധി സംഘത്തിലെ അംഗങ്ങൾ ഒരു വലിയ മഞ്ഞ ഗേറ്റിന് സമീപം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതും തുടർന്ന് വെടിയൊച്ച കേൾക്കുന്നതും ഓൺലൈനിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങളിൽ കാണാം.

അതേസമയം നയതന്ത്ര പ്രതിനിധി സംഘം നിർദിഷ്ട റൂട്ടിൽ നിന്നും വ്യതിചലിച്ച് അവർക്ക് അനുവാദമില്ലാത്ത പ്രദേശത്ത് പ്രവേശിച്ചതായി ഐഡിഎഫ് പറയുന്നു. സംഭവം മൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഐഡിഎഫ് അറിയിച്ചു.