എഡ്മിന്‍റൻ : സ്കൂൾ ലൈബ്രറികളിൽ “പ്രായത്തിന് അനുയോജ്യമായ” പുസ്തകങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന് ഉറപ്പാക്കാൻ പുതിയ നിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആല്‍ബര്‍ട്ട സർക്കാർ. എഡ്മിന്‍റനിലെയും കാൽഗറിയിലെയും പൊതുവിദ്യാലയങ്ങളിൽ ലൈംഗിക, എൽജിബിടിക്യു+ ഉള്ളടക്കമുള്ള നാല് ഗ്രാഫിക് കമിങ്-ഓഫ്-ഏജ് നോവലുകൾ ലൈബ്രറികളില്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു.

അമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. മായ കൊബാബെയുടെ “ജെൻഡർ ക്വീർ”, അലിസൺ ബെക്ഡലിന്‍റെ “ഫൺ ഹോം”, ക്രെയ്ഗ് തോംസണിന്‍റെ “ബ്ലാങ്കറ്റ്സ്”, മൈക്ക് കുരാറ്റോയുടെ “ഫ്ലേമർ എന്നിവയാണ് ഈ പുസ്തകങ്ങളെന്നും ഡെമെട്രിയോസ് നിക്കോളൈഡ്സ് അറിയിച്ചു. ഈ നോവലുകളെക്കുറിച്ച് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡനം, സ്വയം ഉപദ്രവിക്കല്‍, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം, അശ്ലീല ഭാഷ തുടങ്ങിയവ അടങ്ങിയ ഈ പുസ്തകങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസ, വ്യക്തി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ ലൈബ്രറിയിൽ അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തുന്നതിന് സ്കൂൾ ഉദ്യോഗസ്ഥർക്ക് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് പരിഗണിക്കുന്നതായി ഡെമെട്രിയോസ് നിക്കോളൈഡ്സ് അറിയിച്ചു. അടുത്ത അധ്യയന വർഷം പുതിയ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.