മിസ്സിസാഗ : ശനിയാഴ്ച ഉച്ചകഴിഞ്ഞ് നഗരത്തിലെ എറിൻഡേൽ പാർക്കിൽ വെള്ളത്തിൽ കണ്ടെത്തിയ കുട്ടി മരിച്ചതായി പീൽ റീജനൽ പൊലീസ് (പിആർപി) അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ മിസ്സിസാഗ റോഡിന് കിഴക്കും ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റിന് വടക്കും ദി കോളേജ്വേയിലെ 220 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എറിൻഡേൽ പാർക്കിലെ ഒരു ജലാശയത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ടൊറൻ്റോ സർവകലാശാലയിലെ എറിൻഡേൽ കാമ്പസിന് സമീപമാണ് സംഭവം നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കുട്ടി പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം തുടരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.