ടൊറൻ്റോ : നോർത്ത് യോർക്കിലെ ലോറൻസ് ഹൈറ്റ്സ് പ്രദേശത്ത് ചൊവ്വാഴ്ച രാത്രി നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ടൊറൻ്റോ പൊലീസ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഫ്ലെമിംഗ്ടൺ, സക്കറി റോഡുകളിലെ റാണി അവന്യൂവിനും അലൻ റോഡിനും സമീപമുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിൽ 40 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടതായും നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) അറിയിച്ചു. സംഭവത്തിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും ഡ്യൂട്ടി സീനിയർ ഓഫീസർ ബഹീർ സർവാനന്ദൻ പറഞ്ഞു. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടിപിഎസ് അഭ്യർത്ഥിച്ചു.