ഓട്ടവ : ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക് രാജ്യത്തെ പാഴ്സൽ ഡെലിവറി സർവീസിനെ ബാധിച്ചതായി റിപ്പോർട്ട്. യൂണിയൻ തൊഴിലാളികൾക്ക് പകരം താൽക്കാലിക തൊഴിലാളികളെ നിയമിക്കാനുള്ള ഡിഎച്ച്എൽ കാനഡ എക്സ്പ്രസിന്‍റെ തീരുമാനത്തെ തുടർന്ന് 2,100 ഡിഎച്ച്എൽ ട്രക്ക് ഡ്രൈവർമാർ, കൊറിയർമാർ, വെയർഹൗസ്, കോൾ സെന്‍റർ ജീവനക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിഫോർ ഞായറാഴ്ചയാണ് പണിമുടക്ക് ആരംഭിച്ചത്.

പണിമുടക്കിനെതിരെ സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ഡിഎച്ച്എൽ വക്താവ് പമേല ഡ്യൂക്ക് റായ് അറിയിച്ചു. റീട്ടെയിലർ ലുലുലെമൺ മുതൽ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഷെയ്ൻ, ടെമു വരെയുള്ള ഉപയോക്താക്കൾക്ക് സേവനം നൽകുന്നത് തുടരാനായി പ്രത്യേക പദ്ധതി തയ്യാറാക്കിയതായും അവർ പറഞ്ഞു. ഈ മുൻകരുതൽ നടപടികളിലൂടെ കനേഡിയൻ നെറ്റ്‌വർക്കിലുടനീളം പ്രവർത്തനങ്ങൾ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

അതേസമയം താൽക്കാലിക തൊഴിലാളികളെ ഉപയോഗിച്ച് കമ്പനി പ്രവർത്തിപ്പിക്കാനുള്ള ഡി എച്ച് എൽ നടപടിയെ അപലപിക്കുന്നതായി യൂണിഫോർ പറഞ്ഞു. പകരം തൊഴിലാളികളെ നിരോധിക്കുന്ന നിയമനിർമ്മാണം ജൂൺ 20 വരെ പ്രാബല്യത്തിൽ വരാത്തതിനാൽ, ഈ നീക്കം സാങ്കേതികമായി നിയമപരമാണെന്ന് യൂണിയൻ പ്രസിഡൻ്റ് ലാന പെയ്ൻ പറഞ്ഞു. വേതന വർധന, ജോലി സാഹചര്യങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, ഓട്ടോമേഷൻ എന്നിവയായിരിക്കും കരാർ ചർച്ചയിലെ തങ്ങളുടെ മുൻഗണനകളെന്ന് അദ്ദേഹം അറിയിച്ചു.