എഡ്മിന്‍റൻ : വേതന വർധന അടക്കമുള്ള വിഷയങ്ങളിൽ പ്രവിശ്യയുമായുള്ള കരാർ ചർച്ചയിൽ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ ആൽബർട്ടയിലെ അധ്യാപകർ പണിമുടക്കിന് ഒരുങ്ങുന്നു. സമരത്തെ അനുകൂലിച്ച് ഏകദേശം 95% അധ്യാപകർ വോട്ട് ചെയ്തതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) അറിയിച്ചു. ഇതോടെ ജൂൺ 5 മുതൽ 8 വരെ വോട്ട് ചെയ്ത അധ്യാപകർക്ക്, പ്രവിശ്യയുമായുള്ള ചർച്ചയിൽ കരാറിലെത്തിയില്ലെങ്കിൽ സമരം ആരംഭിക്കാൻ ഇപ്പോൾ 120 ദിവസത്തെ സമയമുണ്ട്. എന്നാൽ, അധ്യാപകർ പണിമുടക്കിന് 72 മണിക്കൂർ മുമ്പ് നോട്ടീസ് നൽകേണ്ടിവരും.

പ്രവിശ്യയിലെ അധ്യാപകർക്കിടയിലെ പ്രധാന തർക്കവിഷയം വേതന വർധനയും ജീവനക്കാരുടെ കുറവുമാണെന്ന് എടിഎ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് പറയുന്നു. സ്കൂളുകൾക്ക് ശരിയായ രീതിയിൽ ഫണ്ട് നൽകുന്നതിൽ പ്രവിശ്യാ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ അധ്യാപകർക്ക് അവരുടെ ജോലി ശരിയായി ചെയ്യാൻ സാധിക്കാത്ത അവസ്ഥ സംജാതമായി. തിരക്കേറിയതും പിന്തുണയില്ലാത്തതുമായ ക്ലാസ് മുറികളിൽ, വിദ്യാർത്ഥികൾക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം പണിമുടക്ക് എന്ന് ആരംഭിക്കുമെന്ന് ജേസൺ ഷില്ലിങ് വ്യക്തമാക്കിയിട്ടില്ല. അസോസിയേഷന്‍റെ ഭരണസമിതിയായ എടിഎയുടെ പ്രവിശ്യാ എക്സിക്യൂട്ടീവ് കൗൺസിൽ (പിഇസി) വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനമെന്നും ജേസൺ ഷില്ലിങ് അറിയിച്ചു.