ഓട്ടവ : തുടർച്ചയായി എട്ടാം മാസവും കാനഡയിലെ ശരാശരി വാടക നിരക്ക് കുറഞ്ഞതായി Rentals.ca, Urbanation റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ ശരാശരി വാടക 3.3% കുറഞ്ഞ് 2,129 ഡോളറായി. അതേസമയം കാനഡയിലെ ശരാശരി വാടക രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 5.7 ശതമാനവും മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 12.6 ശതമാനവും കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മെയ് മാസത്തിൽ ഒൻ്റാരിയോയിലാണ് ഏറ്റവും വലിയ വാടക ഇടിവ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വാടക 3.6% കുറഞ്ഞ് ശരാശരി 2,335 ഡോളറായി. ബ്രിട്ടിഷ് കൊളംബിയയിലെ വാടക നിരക്ക് 2.6% കുറഞ്ഞ് 2,462 ഡോളറായപ്പോൾ ആൽബർട്ടയിൽ 2.4% കുറഞ്ഞ് 1,745 ഡോളറും കെബെക്കിൽ 1.8% കുറഞ്ഞ് 1,964 ഡോളറുമായതായി Rentals.ca, Urbanation റിപ്പോർട്ട് ചെയ്തു. പ്രത്യേക ആവശ്യങ്ങൾക്കായി നിർമ്മിച്ച അപ്പാർട്ടുമെന്റുകളുടെ വാടക ഒരു വർഷം മുമ്പുള്ളതിനേക്കാൾ രണ്ട് ശതമാനം കുറഞ്ഞ് 2,117 ഡോളറായി. അതേസമയം കോണ്ടോമിനിയം അപ്പാർട്ടുമെന്റുകൾക്കുള്ള വാടക 3.6% കുറഞ്ഞ് 2,192 ഡോളറിലെത്തി.

ജനസംഖ്യാ വളർച്ചയിലെ മാന്ദ്യം, സാമ്പത്തിക അനിശ്ചിതത്വം, പുതിയ അപ്പാർട്ട്മെന്റുകളുടെ വിതരണത്തിലെ വർധന തുടങ്ങിയവയാണ് ഒരു പരിധിവരെ വാടക കുറയുന്നതിന് കാരണമെന്ന് Urbanation പ്രസിഡൻ്റ് ഷോൺ ഹിൽഡെബ്രാൻഡ് പറയുന്നു.
