മൺട്രിയോൾ : പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് വർധന റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് കെബെക്ക് സർക്കാർ. എന്നാൽ, പ്രവിശ്യയിൽ നിന്നുള്ളവരല്ലാത്തവർക്ക് കെബെക്ക് സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പാസ്കേൽ ഡെറിയുടെ ഓഫീസ് വ്യക്തമാക്കി.

പ്രവിശ്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനായി പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 33% വർധിപ്പിക്കാൻ 2023-ൽ കെബെക്ക് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ, ഈ വർധന യുക്തിരഹിതമാണെന്നും ന്യായീകരിക്കാനാവില്ലെന്നും കെബെക്ക് സുപ്പീരിയർ കോടതി ജഡ്ജി വിധിച്ചു. കൂടാതെ ഇംഗ്ലീഷ് ഭാഷാ സർവകലാശാലകളിലെ പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കുള്ള പുതിയ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങളും റദ്ദാക്കി. ഒപ്പം ട്യൂഷൻ പദ്ധതി പരിഷ്കരിക്കാൻ സർക്കാരിന് ഒമ്പത് മാസത്തെ സമയം നൽകി ഉത്തരവിറക്കി.