റെജൈന : താരിഫുകളുടെ ഭാഗമായി യുഎസ് മദ്യത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങി സസ്കാച്വാൻ. യുഎസിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ മദ്യത്തിന്‍റെയും വാങ്ങലും വിതരണവും പുനഃരാരംഭിക്കുമെന്ന് സസ്കാച്വാൻ ലിക്വർ -ഗെയിം അതോറിറ്റി (SLGA) അറിയിച്ചു. ഇതോടെ ഏകദേശം 36 ലക്ഷം ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾ വിൽക്കാനും പുതിയ സ്റ്റോക്ക് കൊണ്ടുവരുന്നതിനുള്ള ഓർഡറുകൾ പുനരാരംഭിക്കാനും ഈ നീക്കം അനുവദിക്കുമെന്ന് SLGA പറയുന്നു. യുഎസ് ഉൽപ്പന്നങ്ങൾ വീണ്ടും സ്റ്റോറുകളിൽ ലഭ്യമാക്കുമെങ്കിലും, കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ഏജൻസി വ്യക്തമാക്കി.

എന്നാൽ, യുഎസ് മദ്യത്തിന്മേലുള്ള 25% ഫെഡറൽ താരിഫ് ഇപ്പോഴും നിലവിലുണ്ടെന്ന് ക്രൗൺ കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. കനേഡിയൻ ഊർജ്ജത്തിനും സാധനങ്ങൾക്കും മേലുള്ള യുഎസ് താരിഫുകൾക്കെതിരെ തിരിച്ചടിക്കാനുള്ള ഒരു മാർഗമായി 54 അമേരിക്കൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുമെന്ന് മാർച്ച് അഞ്ചിന് പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ബിയർ കാനഡ പോലുള്ള സംഘടനകളുടെ കടുത്ത വിമർശനത്തെത്തുടർന്ന്, മാർച്ച് 24-ന് പ്രവിശ്യ തീരുമാനം മാറ്റിയിരുന്നു.