ഓട്ടവ : തപാൽ ജീവനക്കാർക്കുള്ള കാനഡ പോസ്റ്റിന്റെ അവസാന ഓഫറുകളിൽ വോട്ട് ചെയ്യാൻ യൂണിയനോട് നിർദ്ദേശിച്ച് ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു. ഇരുപക്ഷത്തിനുമിടയിൽ ദീർഘകാലമായുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് “എത്രയും വേഗം” വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിക്കുമെന്നും ഹാജ്ഡു അറിയിച്ചു. പൊതുജനതാൽപ്പര്യാർത്ഥമാണ് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സിലെ അംഗങ്ങളോട് വോട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാനഡ പോസ്റ്റിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുമ്പോൾ, തൊഴിലാളികൾക്കുള്ള പുതിയ കരാറിനെക്കുറിച്ച് കാനഡ പോസ്റ്റും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ഏകദേശം ഒന്നര വർഷമായി ചർച്ച നടത്തിവരികയാണ്. അതേസമയം ഏറ്റവും പുതിയ ഓഫറിൽ ഉൾപ്പെടുന്ന അംഗത്വ വോട്ടെടുപ്പ് എന്ന ആശയം യൂണിയൻ തള്ളിക്കളഞ്ഞിട്ടുണ്ട്. പകരം മധ്യസ്ഥതയ്ക്ക് ആഹ്വാനം ചെയ്തു. എന്നാൽ, കാനഡ പോസ്റ്റ് മധ്യസ്ഥത വളരെ മന്ദഗതിയിലാകുമെന്ന് വാദിക്കുകയും ഫെഡറൽ സർക്കാരിനോട് ഏറ്റവും പുതിയ ഓഫറുകൾ വോട്ടെടുപ്പിന് വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.