Sunday, August 17, 2025

അഞ്ചാംപനി ഭീതി ഒഴിയാതെ ഒൻ്റാരിയോ: 74 പുതിയ കേസുകൾ കൂടി

ടൊറൻ്റോ : കഴിഞ്ഞ ആഴ്ച പ്രവിശ്യയിൽ 74 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഇതോടെ ഒക്ടോബർ മുതൽ പ്രവിശ്യയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2,083 ആയി. അതേസമയം അഞ്ചാംപനി കേസുകളുടെ എണ്ണത്തിൽ ഒൻ്റാരിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ആൽബർട്ടയിൽ ബുധനാഴ്ച വരെ ഏകദേശം 840 പേർ അണുബാധിതരായിട്ടുണ്ട്.

എന്നാൽ, വടക്കൻ ഒൻ്റാരിയോയിൽ കേസുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. സൂ സെ മാരി ആസ്ഥാനമായുള്ള അൽഗോമ പബ്ലിക് ഹെൽത്ത് ഉൾപ്പെടുന്ന മേഖലയിൽ 28 പുതിയ അണുബാധകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ഈ മേഖലയിലെ അഞ്ചാംപനി കേസുകളുടെ എണ്ണം 81 ആയി ഉയർന്നു. കൂടാതെ തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ 14 കേസുകൾ കൂടി കണ്ടെത്തി. സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത് ആകെ 739 കേസുകൾ റിപ്പോർട്ട് ചെയ്തു.

തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലെ ഒരു ഗർഭസ്ഥ ശിശു ഉൾപ്പെടെ, ആകെ ഏഴ് ശിശുക്കൾക്ക് ജന്മനാ അഞ്ചാംപനി ബാധിച്ച് ജനിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 40 ഗർഭിണികൾക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ട്, അവരിൽ ഭൂരിഭാഗത്തിനും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടില്ല. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരിൽ 104 പേർ ശിശുക്കളും കുട്ടികളും കൗമാരക്കാരും ആണെന്നും ഒമ്പത് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഹാമിൽട്ടൺ, നോർത്ത് ബേ, നയാഗ്ര, യോർക്ക് മേഖല, കിഴക്കൻ ഒന്റാറിയോ എന്നിവയുൾപ്പെടെ നിരവധി പൊതുജനാരോഗ്യ യൂണിറ്റുകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!