വിനിപെഗ് : മാനിറ്റോബയിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥാ വീണ്ടും എത്തുന്നതായി റിപ്പോർട്ട്. ഇതോടെ നിലവിൽ പ്രവിശ്യയിൽ കത്തിപ്പടരുന്ന കാട്ടുതീ വീണ്ടും വഷളാകാനുള്ള സാധ്യത വർധിച്ചതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പ്രവിശ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും ഏജൻസി പ്രവചിക്കുന്നു. പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ ഈയിടെ മഴ ലഭിച്ചെങ്കിലും മഴയ്‌ക്കൊപ്പം ചിലപ്പോൾ മിന്നലും വരുമെന്നതിനാൽ പുതിയ കാട്ടുതീ ആരംഭിക്കാൻ ഇത് കാരണമാകുമെന്ന് മാനിറ്റോബ പ്രകൃതിവിഭവ, മന്ത്രി ഇയാൻ ബുഷി പറഞ്ഞു.

അതേസമയം ഫ്ലിൻ ഫ്ലോൺ പട്ടണത്തെ ചുറ്റിപ്പറ്റിയുള്ള പ്രദേശം പ്രവിശ്യയിലെ ഏറ്റവും വലിയ തീപിടുത്തത്തിന്‍റെ കേന്ദ്രമായി തുടരുന്നു. അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ഈ പ്രദേശത്തെ കാട്ടുതീ 300,000 ഹെക്ടറിലധികം ഭൂപ്രദേശത്തെ കത്തിനശിപ്പിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിൽ പുകതവാഗന് സമീപം വടക്കോട്ട് തീ പടർന്നതും ആശങ്ക സൃഷ്ടിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ, രണ്ടു കമ്മ്യൂണിറ്റികളെയും സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

പല ഘടകങ്ങൾ കാരണമാണ് പ്രവിശ്യയിൽ ഇത്രയധികം തീപിടിത്തം ഉണ്ടായതെന്ന് മാനിറ്റോബ സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകൻ അലക്സ് ക്രോഫോർഡ് പറയുന്നു. വരണ്ട കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും കാട്ടുതീ വ്യാപകമാകാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
