മൺട്രിയോൾ : ഞായറാഴ്ച മുതൽ മൺട്രിയോളിൽ നിന്നും കാണാതായ മൂന്നു വയസ്സുള്ള ക്ലെയർ ബെല്ലിനെ ഒൻ്റാരിയോയിൽ നിന്നും കണ്ടെത്തിയതായി കെബെക്ക് പ്രവിശ്യാ പൊലീസ് (എസ്ക്യു) അറിയിച്ചു. ബുധനാഴ്ച ഡ്രോൺ ഉപയോഗിച്ച് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (ഒപിപി) നടത്തിയ തിരച്ചിലിൽ ഹൈവേ 417-ന് സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ക്ലെയർ ബെൽ ഒറ്റക്കായിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി.

പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ, ഒൻ്റാരിയോയിലെ സെൻ്റ്-ആൽബെർട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും കുട്ടി സുരക്ഷിതയാണെന്നും എസ്ക്യു വക്താവ് എലോയിസ് കോസെറ്റ് അറിയിച്ചു. കെബെക്കിലും ഒൻ്റാരിയോയിലുമായി നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ക്ലെയർ ബെല്ലിനെ കണ്ടെത്തിയത്.