ഓട്ടവ : കാനഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിൽ കനത്ത മഴയും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അതേസമയം കാട്ടുതീ പുക, കടുത്ത ചൂട് എന്നിവ കാരണം രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിലുണ്ട്.
ഒൻ്റാരിയോ
ഒൻ്റാരിയോയിൽ, ടൊറൻ്റോയിലും ഒറിലിയയിലും വടക്കൻ കമ്മ്യൂണിറ്റികളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പാരി സൗണ്ട്, റോസ്സോ, കിൽബിയർ പ്രൊവിൻഷ്യൽ പാർക്ക് എന്നിവ ഉൾക്കൊള്ളുന്ന പ്രദേശത്ത് 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉച്ചകഴിഞ്ഞ് വരെ തുടരും. “കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കം സാധ്യമാണ്,” എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ദൃശ്യപരത കുറയുന്നതിനാൽ ഡ്രൈവർമാർ വേഗം കുറച്ച് മുന്നിലുള്ള വാഹനത്തിന്‍റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിച്ച് വാഹനമോടിക്കണം, മുന്നറിയിപ്പിൽ പറയുന്നു.

കെബെക്ക്
കെബെക്കിൽ സെൻ്റ്-ഡൊണാറ്റ് മുനിസിപ്പാലിറ്റിയിലും മോണ്ട്-ട്രെംബ്ലാൻ്റ് പാർക്ക് പ്രദേശത്തും വ്യാഴാഴ്ച രാത്രി വരെ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. മൺട്രിയോൾ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും വളരെ ശക്തമായ കാറ്റ്, ആലിപ്പഴം വീഴ്ച, കനത്ത മഴ എന്നിവ ഉണ്ടാകും, കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആൽബർട്ട
കാൽഗറി ഉൾപ്പെടെയുള്ള തെക്കൻ ആൽബർട്ടയിൽ, ഈ വാരാന്ത്യത്തിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകും. വെള്ളിയാഴ്ച മുതൽ മഴ ആരംഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. ഞായറാഴ്ച ഉച്ചയോടെ, മഴയുടെ അളവ് 50 മുതൽ 100 മില്ലിമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞു. ആൽബർട്ട താഴ്‌വരകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചില തെക്കൻ പ്രദേശങ്ങളിൽ 100 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, വെള്ളിയാഴ്ച രാത്രിയോടെ മേഖലയിലെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും പർവതപ്രദേശങ്ങളിൽ മഞ്ഞ് വീഴുമെന്നും ഏജൻസി അറിയിച്ചു. ഹൈവേ 93-ന്‍റെ തെക്കൻ ഭാഗങ്ങൾ പോലുള്ള പ്രദേശങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ വടക്കൻ കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി മുടക്കത്തിനും കാരണമാകും.

ബ്രിട്ടിഷ് കൊളംബിയ
വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ ചില പ്രദേശങ്ങളിൽ 20 മില്ലീമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. റോക്കീസിനടുത്തുള്ള സ്ഥലങ്ങൾ, പീസ് റിവർ മേഖലയിലും വില്ലിസ്റ്റൺ മേഖലയുടെ വടക്കൻ ഭാഗങ്ങളിലും വ്യാഴാഴ്ച കനത്ത മഴ ലഭിക്കും. ചില പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോർത്ത് വെസ്റ്റ് ടെറിറ്ററീസ്
കാട്ടുതീ പുക പടർന്നതോടെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഫോർട്ട് ലിയാർഡ് മേഖലയിൽ വായൂമലിനീകരണം രൂക്ഷമായി. പുകയുടെ അളവ് കൂടുന്നതനുസരിച്ച് ആരോഗ്യ അപകടസാധ്യത വർധിക്കുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. വീടിനു വെളിയിലുള്ള പ്രവർത്തനങ്ങൾ പരമാവധി കുറയ്ക്കുക, ഔട്ട്ഡോർ സ്പോർട്സ്, പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവ പുനഃക്രമീകരിക്കുക തുടങ്ങിയവ പരിഗണിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.

യൂകോൺ
ടെറിട്ടോറിയൽ തലസ്ഥാനമായ വൈറ്റ് ഹോഴ്സ് ഒഴികെ ഓൾഡ് ക്രോ, ഡെംപ്‌സ്റ്റർ, ഡോസൺ, മായോ, ബീവർ ക്രീക്ക്, പെല്ലി – കാർമാക്ക്സ് എന്നിവിടങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. പകൽ താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തും. വാരാന്ത്യത്തിൽ ചൂട് വീണ്ടും കൂടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.