ഓട്ടവ : ഡോർ ലാച്ച് തകരാറിനെ തുടർന്ന് കാനഡയിൽ ഏകദേശം 32,000 മാക്-ഇ വാഹനങ്ങൾ ഫോർഡ് മോട്ടോർ കമ്പനി തിരിച്ചുവിളിച്ചു. ഡോർ ലാച്ചിന്‍റെ തകരാർ യാത്രക്കാരെ അകത്ത് കുടുക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. ഇതേകാരണത്താൽ യുഎസിൽ ഏകദേശം 200,000 വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്.

2021-2025 മോഡൽ മസ്താങ് മാക് ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവികളാണ് കാനഡയിലും യുഎസിലും തിരിച്ചുവിളിച്ചിരിക്കുന്നത്. കീ-ഓഫിൽ 12-വോൾട്ട് ബാറ്ററി 8.4-വോൾട്ടിൽ താഴെ കുറയുകയും ഡ്രൈവർ അല്ലെങ്കിൽ മുൻ സീറ്റിലെ യാത്രക്കാരൻ മെക്കാനിക്കൽ ഇൻസൈഡ് റിലീസ് ഹാൻഡിലുകൾ ഉപയോഗിച്ച് മുൻ വാതിലുകളിലൂടെ പുറത്തു കടക്കുകയും ചെയ്താൽ, അവ വീണ്ടും അടയ്ക്കുമ്പോൾ ഡോർ പിന്നീട് തുറക്കാൻ ആകാത്ത വിധം അടയുമെന്ന് കമ്പനി പറയുന്നു. ഇത് ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും വാഹനം ഉടനടി അൺലോക്ക് ചെയ്യാൻ കഴിയാത്തവിധം അപ്രതീക്ഷിത ലോക്ക്-ഔട്ട് അവസ്ഥയിലേക്ക് നയിച്ചേക്കാം. ചൂടുള്ള കാലാവസ്ഥയിൽ, ഡോർ ലാച്ച് തകരാർ ഗുരുതരമായ പരുക്കിന് കാരണമാകാം, ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു.
ഈ അവസ്ഥയുമായി ബന്ധപ്പെട്ട അപകടമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ തകരാർ പരിഹരിക്കുന്നതിന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഉടൻ വരുമെന്നും ഫോർഡ് പറഞ്ഞു.